കടലിലെ കവിതകൾ | Kadalile Kavithakal | Vailopilli Sreedharamenon
ഇച്ഛപോലപ്പപ്പോൾ മന്നിൽ
പച്ചക്കറികളിൽ തൂങ്ങി-
പ്പിച്ചവെച്ചു നടക്കട്ടേ
കൊച്ചുപോതങ്ങൾ.
ഉലകിനു മുതൽ കൊയ്‌വ-
നലകടലുഴുവുന്ന
തലമുതിർന്നവർ പത്തേ-
മാരികൾ ഞങ്ങൾ!
നീറ്റിലോളം പതയുന്നൂ,
കടൽപ്പന്നി മറിയുന്നൂ,
കാറ്റു തട്ടിപ്പായകൾക്കു
കവിൾ വീർക്കുന്നു.
കൂട്ടുകാരേ, നങ്കുരങ്ങ-
ളേറ്റിവെച്ചു വരുണൻറ
നാട്ടി ലേയ്ക്കീപ്പകലൊത്തു
പാഞ്ഞുപോക നാം.
കുടങ്ങളിലിളങ്കള്ളും
കുടയണിപ്പച്ചത്തെങ്ങും
കുടമെതിർമുല തുള്ളും
പെൺകിടാങ്ങളും
ഇടതിങ്ങും കൊച്ചിനാടേ,
വിടവാങ്ങുന്നിതാ പോകാൻ
കടലിങ്കൽത്തമ്പടിച്ചു
കഴിയും ഞങ്ങൾ.
നിൻചരക്കും കീർത്തിയുമായ്.
സഞ്ചരിക്കും ബോംബയോളം;
പിന്തിരിക്കും ഞങ്ങൾ നിന-
ക്കാനന്ദവുമായ്!
II
ഭംഗികൂടുമുടുപ്പില്ലാ
വെടിപ്പില്ലെങ്കിലും കൊള്ളാം,
ഞങ്ങളുടെ നാവികന്മാർ
നിപുണരല്ലോ.
കൈ നനച്ചു കാറ്റു നോക്കാൻ,
കയർ നീട്ടിപ്പായ കെട്ടാൻ,
ചൈനയിലെചെകുത്താന്റെ
സൂചി വായിപ്പാൻ,
ഉഗ്രമായിക്കോളിളകും
വ്യഗ്രതയിൽ തുടരേണ്ടും
ദിക്കു തെറ്റാതമരത്തിൻ-
ചക്കു ചുറ്റിപ്പാൻ
അറിവൂണ്ടീയുപ്പിലിട്ടു
വിളയിച്ച മരയ്ക്കാന്മാ,-
ർക്കരി വെപ്പാൻ, കറി വെപ്പാ,-
നനുസരിപ്പാൻ.
ഊണിനുണ്ടു പച്ചരിയും
വെള്ളവുമുണക്കമീനും
വേണമെങ്കിൽ തേയിലയും
പുകയിലയും.
ഇമ്പമത്രേ നീലിമയാൽ
ച്ചുംബിതരാമിവ,ർക്കിങ്ങു
പെൺപിറന്നോരില്ലയല്ലോ
പ്രസംഗിക്കുവാൻ!
III
കൊച്ചിനാടും കോഴിക്കോടും
കണ്ണൂരും കടന്നു ഞങ്ങൾ പ
ശ്ചിമതീരത്തിലൂടെ
വടക്കോട്ടേയ്ക്കായ്
അതിരയം പായ നീർത്തി-
ക്കുതികൊള്ളും, പല വെള്ള-
ക്കുതിരകൾ വലിക്കുന്ന
തേരുകൾപോലെ.
വീശിടും കാറ്റടങ്ങുമ്പോൾ
വിരി ചുളുങ്ങീടാതങ്ങു
വീണുറങ്ങും കടലിനു
നങ്കുരം നൽകി,
മോളിൽ മോളിൽ പായ കെട്ടി-
ക്കടലിലെയേഴുനില-
മാളികകൾപോലേ ഞങ്ങൾ
നിശ്ചലം നിൽക്കും.
കൂരിരുളും കൊടുങ്കാറ്റും
കരിങ്കെണ്ടൽക്കാട്ടിൽനിന്നു
കേറിവന്നു കടലിൽവെ-
ച്ചാക്രമിക്കുമ്പോൾ,
പായ താഴ്ത്തി, സൂചി നോക്കി-
സ്സിരകൾ മുറുക്കി, ഞങ്ങൾ
പായുമല്ലോ വിപത്തിന്റെ
പാണികൾ തട്ടി.
കയർ വരിഞ്ഞൊരു തേക്കു-
മറബികളുടെയൂക്കും
കരുമന പെരുകുമ്പോ-
ളൊരുകൈ നോക്കും!
മായികമാം വെണ്ണിലാവിൽ
മുത്തുമണിമാല കോലു-
മാഴിയോളങ്ങളിൽ ഞങ്ങ-
ളൂയലാടുമ്പോൾ,
ചന്തം ചിന്തും ചന്ദ്രികയാൽ
മെഴുകിയ വഴിനീളെ-
ഗ്ഗന്ധർവ്വപുരത്തിലോളം
ചെന്നു മുട്ടുമ്പോൾ,
നീട്ടി നീട്ടി നാവികന്മാർ
പാട്ടു പാടും, നബി പോലും
കേട്ടു കേട്ടു നിർവൃതിയി-
ലലിയും വണ്ണം!
കടലിലെയുപ്പുചാലിൽ
കതിരിട്ടു വിളയുന്നൂ
കരയിലും കുരുക്കാത്ത
കവിതയെല്ലാം!
No comments