വസന്തം | വൈലോപ്പിള്ളി ശ്രീധരമേനോൻ | Vasantham | Vailopilli Sreedharamenon |


 


വന്നൂ വസന്തം പ്രപഞ്ചരംഗത്തിലും;

വന്നൂ വസന്തം മദന്തരംഗത്തിലും.


    ദർപ്പണംപോലെ വിളങ്ങുന്നു വിണ്ടലം 

ശുഭ്രവലാഹകമാലയാൽ കോമളം;


    അപ്പുറം നീളുന്നു സഹ്യമഹാചലം: 

സ്വപ്നരാജ്യത്തിന്റെ സീമപോലെ!


    മാകന്ദമഞ്ജരീമാധ്വി പരസ്യമായ് 

വീശുന്ന കാറ്റത്തു രണ്ടിളം വണ്ടുകൾ


    ഒറ്റയ്ക്കു മൂളിപ്പറന്നും പരസ്പരം 

മുട്ടിപ്പുണർന്നുമൊഴിഞ്ഞു പിൻമാറിയും


    പൂന്തേൻ കുടിക്കാൻ പുറപ്പെട്ടതോരാതെ 

നീന്തുന്നു ശൃംഗാരസാഗരത്തിൽ !


    വിശ്രമപഞ്ജരം വിട്ടു വിഹായസ്സിൽ 

വിസ്തൃതപത്രം  വിടുർത്തിയും വീശിയും 


    വീതപരിശ്രമം കൃഷ്ണപ്പരുന്തതാ, 

സ്വാതന്ത്ര്യഹേമപതാകകണക്കിനേ,


    മേലോട്ടു മോലോട്ടു പൊങ്ങിപ്പറന്നത്ര  

മേഘമാർഗ്ഗത്തിലണച്ചു നമ്മെ!


    ഞാനുമെന്നോമലാം വാണിയുമൊത്തിന്നു 

വാനിലെ മേഘപ്പളുങ്കുപടികളിൽ


    നീലതടാകത്തിൽ നിശ്ചലം ബിംബിച്ച

സാലസ്യരൂപങ്ങളന്യോന്യമീക്ഷിച്ചു,


    ലോലസ്വരാർദ്രയാം വീണയും വായിച്ചു, 

കാലത്തെ വിസ്മരിച്ചുല്ലസിക്കും.


    കൊണ്ടാടിയെത്തും സരസ്സിൽ നിന്നക്ഷണം 

തണ്ടാർകുടങ്ങൾപോ, ലാദിത്യരശ്മികൾ


    കൊണ്ടാടി ചുറ്റിയോരപ്സരസ്ത്രീജനം 

കൊണ്ടാടി ഞങ്ങൾതൻപാട്ടു കേൾപ്പാൻ.


    പാടുവാൻ, വാസന്തവൈഭവം പേശുന്ന 

പാടലഗന്ധിയാം പൈന്തെന്നലെശുന്ന  


    പാറകൾകൂടിയും കസ്തൂരി പൂശുന്ന

പാരിലെജ്ജീവിതമെത്ര ഹൃദ്യം!


    ആയിരം സ്വർഗ്ഗമമൃതു പൊഴിച്ചാലു-

മാ രസം കിട്ടുകയില്ല സത്യം!


No comments

Theme images by imacon. Powered by Blogger.