വിരഹത്തിൽ | വൈലോപ്പിള്ളി ശ്രീധരമേനോൻ | Virahathil | Vailopilli Sreedharamenon |
ദേവി, നീ പറയാറു-
ഞെണ്ടന്നോടും നിന്നോടുമായ്:
“ജീവിതപുഷ്പത്തിന്റെ
സൗരഭ്യമത്രേ ദു:ഖം'
എങ്കിലീ വിരഹത്തിൽ
പാതിരാപ്പൂവോടൊത്തു
മംഗലഗന്ധം വാർന്നെൻ-
ജീവിതം വിരിഞ്ഞുപോയ്!
രമ്യമായുറങ്ങുന്നു
നഗരം, താരാഭാര-
നമ്രയാം രാവിൻ ശ്വാസ-
നിശ്വാസമേൽക്കുംവിധം.
ഇന്ദുവിൻകലപോലു-
മി,ല്ലിതിൻവണ്ണം ചിന്താ-
സുന്ദരമിരവല്ലോ
നിനക്കു പണ്ടേ പഥ്യം!
രാവുകൾതോറും പറ-
ന്നെൻമനോഗതങ്ങളാം
പ്രാവുകൾ ചേക്കേറും നിൻ-
ഗേഹത്തിലീ നേരത്തിൽ,
കിളിവാതിൽക്കൽച്ചെന്നു
കോമളം വിടർന്ന കാ-
ണ്ണിളകാ, താകാശത്തെ
നോക്കി നീയിരിപ്പുണ്ടാം.
തെളിവായ് ഞാനോർമ്മിക്കും-
മാതിരി,യാ നേത്രമാ
കിളിവാതിൽക്കൽച്ചെന്നു
നിന്നാത്മാവിരിപ്പുണ്ടാം.
സ്മരിച്ചീടുന്നുണ്ടിപ്പോ-
ളെന്നെ നീ,യല്ലെന്നാകിൽ
സ്ഫുരിച്ചീടുന്നെന്തിനു
പുളകം മ്മ മെയ്യിൽ!
തത്ര വന്നലച്ചെൻറ
നിനവിന്നലകൾ നിൻ-
ചിത്തകൈരവത്തിനും
ചാഞ്ചാട്ടമേകുന്നുണ്ടാം.
പൂത്തുനിൽക്കുമീ വാന-
ത്തന്യോന്യസ്മരണയാൽ
തീർത്തു നാം ബന്ധിച്ചോരു
ദീർഘമാമുഴിഞ്ഞാലിൽ
ഒത്തുചേർന്നാനന്ദവും
ദുഃഖവും പ്രാപിച്ചുകൊ-
ണ്ടദ്വൈതഗീതം പാടി-
യാടുന്നു രണ്ടാത്മാക്കൾ!
അങ്ങേയ്ക്കു നമസ്കാരം,
വേർപാടേ; നീ ഞങ്ങളെ-
ക്കൺകെട്ടിയടുപ്പിച്ചു
കാണിച്ചു പരസ്പരം!
No comments